പെട്രോൾ-ഡീസൽ വിലയിൽ വർദ്ധനവ് മൂലം ചിലവുകുറഞ്ഞ ഗതാഗതത്തിനായി ഇന്ന് പലരും ഇലക്ട്രിക് വാഹനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. വായു മലിനീകരണം വലിയൊരു പ്രശ്നമായ കാലഘട്ടത്തിൽ ഇതിന്റെ ആക്കം കുറയ്ക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തിന് സർക്കാരും പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിന്റ ഫലമായി ഇന്ന് നിരത്തിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളും വലിയ തോതിൽ കണ്ടുവരുന്നുണ്ട്.
പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ആദ്യത്തെ മുതൽമുടക്ക് കൂടുതലാണെങ്കിലും പിന്നീട് ഇന്ധനത്തിന്റെ ഭാഗത്ത് നിന്നും സർവീസിന്റെ രൂപത്തിലുമുള്ള അധിക ചിലവുകൾ ഒഴിവാക്കാവുന്നതിനാൽ വലിയൊരു വിഭാഗമാണ് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനായി പണം മുടക്കുന്നത്.
കാറുകളേക്കാൾ ഓല, എതർ തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളോടാണ് വാഹനപ്രേമികൾക്ക് പ്രിയം. എന്നാൽ സാധാരണ പെട്രോൾ വാഹനങ്ങൾക്കുള്ള തരത്തിലുള്ള നിബന്ധനകളാണോ ഇലക്ട്രിക് വാഹനങ്ങൾ ഡ്രൈവ് ചെയ്യാനുള്ള ലൈസൻസിനുള്ളത്. അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന് എന്തെങ്കിലും വകഭേദങ്ങളുണ്ടോ എന്നീ കാര്യങ്ങളിൽ പലർക്കും ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്.
ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യകത പ്രകാരം ഇലക്ട്രിക് സകൂട്ടറുകളെ രണ്ട് വിഭാഗങ്ങളിൽപ്പെടുത്താവുന്നതാണ്. 250 വാട്ടിൽ കുറവ് പവറുള്ള വാഹനങ്ങളും കൂടുതൽ പവറുള്ള വാഹനങ്ങളും. ഇതിൽ 250 വാട്ടിൽ കുറവ് പവറും മണിക്കൂറിൽ പരമാവധി 25 കിലോ മീറ്റർ ദൂരം മാത്രം പരമാവധി വേഗതയുമുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന്റ ആവശ്യമില്ല. ഇത്തരം വാഹനങ്ങൾക്ക് നമ്പർ പ്ളേറ്റ് അനുവദിച്ച് ലഭിക്കേണ്ടതുമില്ല. അതിനാൽ തന്നെ 16 വയസ് പൂർത്തിയായവർക്ക് ഇത്തരം സ്കൂട്ടറുകളുമായി നിരത്തിലിറങ്ങാവുന്നതാണ്.
എന്നാൽ 250 വാട്ടിൽ കൂടുതൽ പവറും പരമാവധി വേഗത 25 കി.മീറ്ററിൽ കൂടുതലുമുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നമ്പർ പ്ളേറ്റ് ഘടിപ്പിക്കേണ്ടതാണ്. കൂടാതെ ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കാൻ \’8\’ എടുത്ത് ലൈസൻസ് കരസ്ഥമാക്കേണ്ടതും നിർബന്ധമാണ്.
ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയത്ത് പെട്രോൾ വാഹനമല്ലാതെ സ്വന്തമായുള്ള ഇലക്ട്രിക് വാഹനമുപയോഗിച്ചും ലൈസൻസ് എടുക്കാവുന്നതാണ്. എന്നാൽ ലൈസൻസിൽ ഇലക്ട്രിക് ഇരുചക്ര വാഹനം മാത്രം ഓടിക്കാവുന്ന \’ഇലക്ട്രിക് വെഹിക്കിൾ ലൈസൻസ്\’ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. പെട്രോൾ വാഹനം ഉപയോഗിച്ച് ലൈസൻസ് നേടിയവർക്ക് നിലവിലെ ലൈസൻസ് ഉപയോഗിച്ച് തന്നെ ഇലക്ട്രിക് വാഹനവും ഉപയോഗിക്കാവുന്നതാണ്.